
എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?

ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? )

നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും

കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.

ഇടതൂര്‍ന്ന തോട്ടങ്ങളും

തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.

അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.