Showing 1-20 of 120 items.

സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. ( പിന്നീട്‌ ) നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്‌, മാട്‌, ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇഹ്‌റാമില്‍ പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത്‌ അനുവദനീയമാക്കരുത്‌. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത്‌ വിധിക്കുന്നു.

സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും ( കഅ്ബത്തിങ്കലേക്ക്‌ കൊണ്ടുപോകുന്ന ) ബലിമൃഗങ്ങളെയും, ( അവയുടെ കഴുത്തിലെ ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട്‌ വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും ( നിങ്ങള്‍ അനാദരിക്കരുത്‌. ) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന്‌ നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക്‌ വേട്ടയാടാവുന്നതാണ്‌. മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ( ജീവനോടെ ) നിങ്ങള്‍ അറുത്തത്‌ ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും ( നിങ്ങള്‍ക്ക്‌ ) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച്‌ ഭാഗ്യം നോക്കലും ( നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന്‌ സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം ( നിഷിദ്ധമായത്‌ ) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.

തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു.

എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാല്‍ നിങ്ങള്‍ ( കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.

അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങളോട്‌ ഉറപ്പേറിയ കരാര്‍ വാങ്ങിയതും ( ഓര്‍ക്കുക ) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത്‌ അറിയുന്നവനാകുന്നു.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ക്ക്‌ പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്‌.

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്‍.

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ ( ആക്രമണാര്‍ത്ഥം ) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍ നിന്ന്‌ തട്ടിമാറ്റിക്കൊണ്ട്‌ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.

അല്ലാഹു ഇസ്രായീല്‍ സന്തതികളോട്‌ കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന്‌ പന്ത്രണ്ട്‌ നേതാക്കന്‍മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു ( അവരോട്‌ ) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങള്‍ പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന്‌ ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങളുടെ തിന്‍മകള്‍ നിങ്ങളില്‍ നിന്ന്‌ ഞാന്‍ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്നാല്‍ അതിനു ശേഷം നിങ്ങളില്‍ നിന്ന്‌ ആര്‍ അവിശ്വസിച്ചുവോ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോയിരിക്കുന്നു.

അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന ( മേലിലും ) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക്‌ നീ മാപ്പുനല്‍കുകയും അവരോട്‌ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.

ഞങ്ങള്‍ ക്രിസ്ത്യാനികളാണ്‌ എന്ന്‌ പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട്‌ അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന്‌ ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌.

വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ച്‌ വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ ( ഇതാ ) നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന്‌ ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.

അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത്‌ മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക്‌ നയിക്കുന്നു. തന്‍റെ ഉത്തരവ്‌ മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന്‌ അവന്‍ പ്രകാശത്തിലേക്ക്‌ കൊണ്ടുവരുകയും, നേരായ പാതയിലേക്ക്‌ അവരെ നയിക്കുകയും ചെയ്യുന്നു.

മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം.

വേദക്കാരേ, ദൈവദൂതന്‍മാര്‍ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക്‌ ( കാര്യങ്ങള്‍ ) വിവരിച്ചുതന്നു കൊണ്ട്‌ നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത്‌ ഒരു സന്തോഷവാര്‍ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന്‌ നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്‌. അതെ, നിങ്ങള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും, താക്കീത്‌ നല്‍കുകയും ചെയ്യുന്ന ആള്‍ ( ഇതാ ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക: ) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന്‌ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്ത്കൊണ്ട്‌ അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത്‌ നിങ്ങള്‍ ഓര്‍ക്കുക.

Error (#32)

Error (#32)

An internal server error occurred.

The above error occurred while the Web server was processing your request.

Please contact us if you think this is a server error. Thank you.