Showing 1-20 of 83 items.

യാസീന്‍ ‍.

തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം;

നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു.

നേരായ പാതയിലാകുന്നു ( നീ. )

പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. ( ഖുര്‍ആന്‍ ).

ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.

അവരില്‍ മിക്കവരുടെ കാര്യത്തിലും ( ശിക്ഷയെ സംബന്ധിച്ച ) വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.

അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത്‌ ( അവരുടെ ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും.

അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക്‌ കാണാന്‍ കഴിയില്ല.

നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയോ അതല്ല താക്കീത്‌ നല്‍കിയില്ലേ എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല.

ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത്‌ ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക.

തീര്‍ച്ചയായും നാം തന്നെയാണ്‌ മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്തു വെച്ചതും അവരുടെ ( പ്രവര്‍ത്തനങ്ങളുടെ ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു.

ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക്‌ നീ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കുക. ദൈവദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം.

അവരിലേക്ക്‌ രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട്‌ നാം അവര്‍ക്ക്‌ പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ടവരാകുന്നു.

അവര്‍ ( ജനങ്ങള്‍ ) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ്‌ പറയുക തന്നെയാണ്‌.

അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക്‌ നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്‌.

വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക്‌ യാതൊരു ബാധ്യതയുമില്ല.

അവര്‍ ( ജനങ്ങള്‍ ) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ ( ഇതില്‍ നിന്ന്‌ ) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന്‌ വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും.

അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത്‌ തന്നെയാകുന്നു. നിങ്ങള്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ ( നിങ്ങളുടെ നിലപാട്‌? ) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു.

പട്ടണത്തിന്‍റെ അങ്ങേ അറ്റത്ത്‌ നിന്ന്‌ ഒരാള്‍ ഓടിവന്ന്‌ പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍.