
അലിഫ് ലാം റാ മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്.

ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ ( മാര്‍ഗത്തിലേക്ക് അവരെ കൊണ്ട് വരുവാന്‍ വേണ്ടി ) . സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശം തന്നെ.

അതായത്, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) പിന്തിരിപ്പിക്കുകയും അതിന് ( ആ മാര്‍ഗത്തിന് ) വക്രത വരുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്. അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു.

യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് ( കാര്യങ്ങള്‍ ) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ ( സന്ദേശം നല്‍കിക്കൊണ്ട് ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍.

നിന്റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, അല്ലാഹുവിന്റെ ( അനുഗ്രഹത്തിന്റെ ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. തീര്‍ച്ച.

മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാണ്. ) നിങ്ങള്‍ക്ക് കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്മക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔനിന്റെ കൂട്ടരില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്.

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. )

മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ് ( എന്ന് നിങ്ങള്‍ അറിഞ്ഞ് കൊള്ളുക. )

നൂഹിന്റെ ജനത, ആദ്, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം ( കൃത്യമായി ) അറിയാവുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നുകിട്ടിയില്ലേ? നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക് മടക്കിക്കൊണ്ട്, നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് എന്ന് പറയുകയാണ് ചെയ്തത്.

അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാര് പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുള്ളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന് നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ ( ജനങ്ങള്‍ ) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ.

അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര് പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര് തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭരമേല്പിക്കേണ്ടത്.

അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്ത് തന്നിരിക്കെ അവന്റെ മേല്‍ ഭരമേല്പിക്കാതിരിക്കാന് ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്പിക്കേണ്ടത്.

അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് ( ആ ദൂതന്മാര്ക്ക് ) അവരുടെ രക്ഷിതാവ് സന്ദേശം നല്കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും.

അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം.

അവര്‍ ( ആ ദൂതന്മാര് ) വിജയത്തിനായി ( അല്ലാഹുവോട് ) അപേക്ഷിച്ചു. ഏത് ദുര്‍വാശിക്കാരനായ സര്‍വ്വാധിപതിയും പരാജയപ്പെടുകയും ചെയ്തു.

അവന്റെ പിന്നാലെ തന്നെയുണ്ട് നരകം. ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന്ന് കുടിക്കാന്‍ നല്കപ്പെടുന്നത്.

അതവന് കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത് നിന്നും മരണം അവന്റെ നേര്‍ക്ക് വരും. എന്നാല്‍ അവന് മരണപ്പെടുകയില്ല താനും. അതിന്റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ.

തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം.

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ? അവന് ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന് നീക്കം ചെയ്യുകയും, ഒരു പുതിയ സൃഷ്ടിയെ അവന് കൊണ്ട് വരികയും ചെയ്യുന്നതാണ്.

അല്ലാഹുവെ സംബന്ധിച്ചിടത്തോളം അത് ഒരു വിഷമകരമായ കാര്യമല്ല.