Showing 1-20 of 53 items.

ഹാമീം.

ഐന്‍ സീന്‍ ഖാഫ്‌.

അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.

അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍.

ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്ത്‌ നിന്ന്‌ പൊട്ടിപ്പിളരുമാറാകുന്നു. മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഭൂമിയിലുള്ളവര്‍ക്ക്‌ വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.

അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തില്‍ ചുമതല ഏല്‍പിക്കപ്പെട്ടവനേ അല്ല.

അപ്രകാരം നിനക്ക്‌ നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ ( മക്ക ) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും. അന്ന്‌ ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ ( മനുഷ്യരെ ) യെല്ലാം അവന്‍ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, താന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.

അതല്ല, അവര്‍ അവന്നുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല്‍ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത്‌ ഏത്‌ കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ്‌ എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക്‌ ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.

ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു ( അവന്‍. ) നിങ്ങള്‍ക്ക്‌ വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ ( ഉണ്ടാക്കിത്തന്നിരിക്കുന്നു. ) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച്‌ വര്‍ധിപ്പിക്കുന്നു. അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.

ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഉപജീവനം അവന്‍ വിശാലമാക്കുന്നു. ( മറ്റുള്ളവര്‍ക്ക്‌ ) അവന്‍ അത്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

നൂഹിനോട്‌ കല്‍പിച്ചതും നിനക്ക്‌ നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട്‌ നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക്‌ മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക്‌ ക്ഷണിക്കുന്നുവോ അത്‌ അവര്‍ക്ക്‌ വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക്‌ തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു.

പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത്‌ അവര്‍ക്ക്‌ അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്‌. നിര്‍ണിതമായ ഒരു അവധിവരേക്ക്‌ ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ മുമ്പ്‌ തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ( ഉടനെ ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു. അവര്‍ക്ക്‌ ശേഷം വേദഗ്രന്ഥത്തിന്‍റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത്‌ പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന്‌ പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌.

അല്ലാഹുവിന്‍റെ ആഹ്വാനത്തിന്‌ സ്വീകാര്യത ലഭിച്ചതിന്‌ ശേഷം അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും.അവര്‍ക്കാണ്‌ കഠിനമായ ശിക്ഷ.

അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും ( തെറ്റും ശരിയും തൂക്കിനോക്കാനുള്ള ) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക്‌ എന്തറിയാം. ആ അന്ത്യസമയം അടുത്ത്‌ തന്നെ ആയിരിക്കാം.

അതില്‍ ( അന്ത്യസമയത്തില്‍ ) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു.വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത്‌ സത്യമാണെന്ന്‌. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു.

അല്ലാഹു തന്‍റെ ദാസന്‍മാരോട്‌ കനിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ഉപജീവനം നല്‍കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍.

വല്ലവനും പരലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന്‌ വര്‍ദ്ധന നല്‍കുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന്‌ അതില്‍ നിന്ന്‌ നല്‍കുന്നതാണ്‌.അവന്‌ പരലോകത്ത്‌ യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.