
തന്റെ ദാസന്റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.

ചൊവ്വായ നിലയില്‍. തന്റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്.

അത് ( പ്രതിഫലം ) അനുഭവിച്ച് കൊണ്ട് അവര്‍ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും.

അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്കുവാന് വേണ്ടിയുമാകുന്നു.

അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.

അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് ( അതിലുള്ള ) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.

തീര്‍ച്ചയായും അതിന്മേലുള്ളതെല്ലാം നശിപ്പിച്ച് നാം തന്നെ അതൊരു മൊട്ടയായ ഭൂപ്രദേശമാക്കി മാറ്റിക്കളയുന്നതുമാണ്.

അതല്ല, ഗുഹയുടെയും റഖീമിന്റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ ?

ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.

അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച് നാം അവരുടെ കാതുകള്‍ അടച്ചു ( ഉറക്കിക്കളഞ്ഞു )

പിന്നെ അവര്‍ ( ഗുഹയില്‍ ) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍ ആരാണെന്ന് അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്പിച്ചു.

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്ത്ഥിക്കുന്നതേയല്ല, എങ്കില്‍ ( അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം ) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.

ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ ( ദൈവങ്ങളെ ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട് ?

( അവര്‍ അന്യോന്യം പറഞ്ഞു: ) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്.

സൂര്യന് ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്റെ ( ഗുഹയുടെ ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്ഗം പ്രാപിച്ചവന്. അവന് ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും.( വാസ്തവത്തില്‍ ) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.

അപ്രകാരം-അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം -നാം അവരെ എഴുന്നേല്പിച്ചു. അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം ( ഗുഹയില്‍ ) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന് വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന് കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന് യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.

തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ ( അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം ) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.