Showing 1-20 of 37 items.

ഹാമീം.

ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട്‌ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളും.

രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന്‌ ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക്‌ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക്‌ അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?

വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം.

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക്‌ ഓതികേള്‍പിക്കപ്പെടുന്നത്‌ അവന്‍ കേള്‍ക്കുകയും എന്നിട്ട്‌ അത്‌ കേട്ടിട്ടില്ലാത്തത്‌ പോലെ അഹങ്കാരിയായിക്കൊണ്ട്‌ ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന്‌ വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.

നമ്മുടെ തെളിവുകളില്‍ നിന്ന്‌ വല്ലതും അവന്‍ അറിഞ്ഞാലോ അവനത്‌ ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ.

അവരുടെ പുറകെ നരകമുണ്ട്‌. അവര്‍ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവര്‍ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവര്‍ക്ക്‌ ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കാണ്‌ കനത്ത ശിക്ഷയുള്ളത്‌.

ഇത്‌ ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക്‌ കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌.

അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക്‌ അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക്‌ അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

( നബിയേ, ) നീ സത്യവിശ്വാസികളോട്‌ പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക്‌ അവര്‍ മാപ്പുചെയ്ത്‌ കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച്‌ കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌.

വല്ലവനും നല്ലത്‌ പ്രവര്‍ത്തിച്ചാല്‍ അത്‌ അവന്‍റെ ഗുണത്തിന്‌ തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ദോഷവും അവന്‌ തന്നെ. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌.

ഇസ്രായീല്‍ സന്തതികള്‍ക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നാം നല്‍കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ ആഹാരം നല്‍കുകയും ലോകരെക്കാള്‍ അവര്‍ക്ക്‌ നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തു.

അവര്‍ക്ക്‌ നാം ( മത ) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത്‌ അവര്‍ക്കു അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്‌. ഏതൊരു കാര്യത്തില്‍ അവര്‍ ഭിന്നിച്ച്‌ കൊണ്ടിരിക്കുന്നുവോ അതില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ നിന്‍റെ രക്ഷിതാവ്‌ വിധികല്‍പിക്കുക തന്നെ ചെയ്യും.

( നബിയേ, ) പിന്നീട്‌ നിന്നെ നാം ( മത ) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്‌.

അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക്‌ ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക്‌ രക്ഷാകര്‍ത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നു.

ഇത്‌ മനുഷ്യരുടെ കണ്ണ്‌ തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.